12:53am 22 June 2026
NEWS
തൃശ്ശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പെൺവാണിഭ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
21/06/2026  04:18 PM IST
nila
തൃശ്ശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പെൺവാണിഭ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന രഹസ്യ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന കൊലപാതകത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) മരിച്ച സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേർ അറസ്റ്റിലായതിന് പിന്നാലെ, കേന്ദ്രത്തിന്റെ പ്രവർത്തനരീതിയും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്.

സംഭവം നടന്ന കോരപ്പത്ത് ലൈനിലെ വാടകവീട്ടിൽ കഴിഞ്ഞ ഏഴ് മാസമായി പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒഡീഷ, അസം സ്വദേശികളായ സ്ത്രീകളെ എത്തിച്ചായിരുന്നു ഇവിടെ അനധികൃത ഇടപാടുകൾ നടന്നിരുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നെങ്കിലും ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ പ്രദേശത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.

കഴിഞ്ഞ 18-ന് രാത്രി ഹോട്ടൽ ജീവനക്കാരായ ഒഡീഷ സ്വദേശികൾ ധൻപതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവർ കേന്ദ്രത്തിലെത്തിയപ്പോഴാണ് സംഭവം. പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ കേന്ദ്രം നടത്തിപ്പുകാരും അവിടെയുണ്ടായിരുന്നവരും ചേർന്ന് ഇവരെ മർദിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരാളായ മക്കറ മാജി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, റുബീന ബീഗം, നശ്രിൻ അക്താർ, മച്ചാനി ഖാതൂൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ ബിച്ചു നായിക് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളെയാണ് പ്രധാനമായും ലക്ഷ്യമിട്ട് ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വീടിന്റെ പിൻവശത്തുള്ള ചെറിയ ഗേറ്റ് വഴിയാണ് ഇടപാടുകാരെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. നഗരമധ്യത്തിൽ ഇത്രയും നാളായി ഇത്തരമൊരു കേന്ദ്രം പ്രവർത്തിച്ചിരുന്നത് എങ്ങനെയെന്ന ചോദ്യവും സംഭവത്തിന് പിന്നാലെ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img